അടൂർ: അടൂർ നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥിയുടെ പേരിനെ ചൊല്ലി സോഷ്യൽ മീഡിയ വിവാദം കൊഴുക്കുന്നു. സിപിഐയിലെ പ്രിജി കണ്ണനെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി നിർദേശിച്ചിരിക്കുന്നത്.
പ്രിജി ശശിധരൻ എന്ന പേരിൽ കൊല്ലം ജില്ലയിൽ മുന്പ് തെരഞ്ഞെടുപ്പുകളെ നേരിട്ടയാൾ അടൂരിലെത്തിയപ്പോൾ പ്രിജി കണ്ണനായെന്ന പേരിലാണ് വിവാദങ്ങൾ. എന്നാൽ വോട്ടർപട്ടികയിൽ ഭർത്താവിന്റെ പേരിനൊപ്പം പ്രിജിയുടെ പേര് എത്തിയപ്പോഴാണ് പ്രിജി കണ്ണൻ എന്നായതെന്നും നേരത്തെ അച്ഛന്റെ പേരാണ് ഒപ്പമുണ്ടായിരുന്നതെന്നും മാറ്റം സ്വാഭാവികമെന്നുമാണ് സിപിഐ വിശദീകരണം.
പേര് തെറ്റിധാരണയുണ്ടാക്കുന്നതായി സിപിഐ മുൻ നേതാവു കൂടിയായ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ പറയുന്നു. 2020-2025 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും മൂന്നു മാസം മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം കരീപ്ര പഞ്ചായത്തിലെ വാർഡിൽ മത്സരിച്ചപ്പോഴും പ്രിജി ശശിധരൻ എന്നായിരുന്നു പേര്. സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോഴും പ്രിജി ശശിധരൻ തന്നെയായിരുന്നു. ഇതു പെട്ടെന്ന് മാറ്റിയതിനു പിന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പോസ്റ്റ്.
2021 ൽ അടൂരിൽ മത്സരിച്ച അന്തരിച്ച കോൺഗ്രസ് നേതാവും കഴിഞ്ഞ തവണത്തെ അടൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു എം. ജി. കണ്ണൻ. എം.ജി. കണ്ണന്റെ ഭാര്യയുടെ പേരും അടൂരിൽ യുഡിഎഫ് പരിഗണിച്ചിരുന്നു. തെറ്റിധാരണാ ജനകമാണ് പേരുമാറ്റമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എം.ജി. കണ്ണന്റെ ഭാര്യയുടെ പേര് സജിത കണ്ണനെന്നാണ്.
എഐവൈഎഫ് മുൻ ഭാരവാഹി കൂടിയായ ശ്രീനാദേവി കുഞ്ഞമ്മക്ക്, എഐവെഎഫ് ജില്ലാ സെക്രട്ടറി എസ്. അഖിലും ഫേസ് ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി രംഗത്തെത്തി. ഒരു സ്ത്രീ തന്റെ പേരിനൊപ്പം ഭർത്താവിന്റെയും അച്ഛന്റെയും പേരു ചേർക്കുന്നത് കേരള സമൂഹത്തിൽ അപൂർവ സംഭവമല്ലെന്ന്എസ്. അഖിൽ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. വിവാഹത്തിന് മുൻപ് പ്രിജിയുടെ പിതാവിന്റെ പേര് ചേർത്ത് പ്രിജി ശശിധരൻ എന്നും, എഐവൈഎഫ് നേതാവ് കൂടിയായ കണ്ണനെ വിവാഹം ചെയ്ത ശേഷം പ്രിജി കണ്ണൻ എന്നും പേര് ചേർത്തു എന്നാണ് എസ്. അഖിൽ വിശദീകരിക്കുന്നത്.
വ്യാജ വിലാസം നൽകി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളാണ് ശ്രീനാദേവി കുഞ്ഞമ്മ എന്നും അഖിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നുണ്ട്.